കുടയും, കുറച്ചു വിശേഷങ്ങളും
ഈ വേനക്കാലത്ത് വേണോ ഈ വര്‍ത്താനം എന്ന് തോന്നുന്നുണ്ടാവും !അപ്രതീക്ഷിതമായി മഴ വന്നപ്പോഴാണ് കുട അന്വേഷിച്ചത്. മഴകാലം കഴിഞ്ഞപ്പോള്‍ എടുത്തു വച്ചതാണ്.
അവിചാരിതമായി ടിവിയില്‍ കണ്ട കുട പരസ്യവും, മനസ്സില്‍ തോന്നിയ ചില നുറുങ്ങു ചിന്തകളുമാണ് ഈ സാഹസത്തിലെത്തിച്ചത് . ചിലതെല്ലാം മറ്റെവിടെയോ വായിച്ചതോ, മറ്റാരൊക്കെയോ പറഞ്ഞതുമാണ്. എന്നാലും, എല്ലാം സഹിക്കുന്ന നിങ്ങളെ ഈശ്വരന്‍ രക്ഷിക്കട്ടെ !!!
"കുടയുടെയും ബാഗിന്റെയും കാലമായല്ലോ ല്ലേ ?"
മഴ കാലംതെറ്റിയാണെങ്കിലും ജൂണില്‍ സ്കൂള്‍ തുറക്കുന്പോള്‍ ബാഗും കുടയും നമ്മുടെ പരമ്പരാഗത ചിട്ടകളില്‍ ഒന്നാണല്ലോ. ഇനി പരസ്യത്തിന്റെ അഞ്ചു കളിയായിരിക്കും.
വെറുതെയിരുന്നു പരസ്യം കാണുബോള്‍ ഓര്‍മ വന്നത് പോപ്പി കുടയുടെ പരസ്യം തന്നെയാണ്. കുട പരസ്യങ്ങളിലെ സര്‍വകാല ഹിറ്റായ ഇതിനെ പറ്റി രവി മേനോന്‍ പട്ടെഴുതില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
" മഴ മഴ കുട കുട മഴ വന്നാല്‍ പോപ്പി കുട" എന്നത് പഴഞ്ചൊല്ല് പോലെ നമ്മുടെ മഴക്കാലത്തിന്റെ ഓര്‍മയായിരിക്കുന്നു. ( "ഗുരുജിയോട് ചോദിയ്ക്കാന്‍ പറ്റിയ ചോദ്യമല്ലേ ഇത് !!"). മുറ്റത്ത് മഴയില്‍ പോപ്പികുട്ടന്‍മാരെ പോലെ തുള്ളിച്ചാടാന്‍ കൊതിക്കാത്ത ബാല്യങ്ങള്‍ കുറവായിരിക്കും. പരസ്യത്തില്‍ വന്ന 'മോട്ടതലയന്റെ ' അകാലമായ വിടവാങ്ങല്‍ ചിലരെങ്കിലും ഒരു വേദനയോടെ ഓര്‍ക്കുന്നുണ്ടാവും.
സമുഹത്തിലും സമുദായത്തിലും വിചാര വിപ്ലവത്തിന് തറക്കല്ലിട്ട വി. ടി യുമായി ബന്ധപെട്ടതാണ് മറ്റൊരു കുട പരസ്യം. തിയ്യാടി പെണ്‍കുട്ടിയില്‍ നിന്നും പകര്‍ന്നു കിട്ടിയ അക്ഷരാഗ്നിയിലൂടെ ആദ്യമായി കുട്ടിവായിച്ചതു പോതിക്കടലസ്സിലെ ' മാന്‍ മാര്‍ക്ക് 'കുടയുടെ പരസ്യമായിരുന്നു. പില്‍കാല ജീവിതത്തില്‍ ആ സംഭവത്തിന്റെ സ്വാധീനം തന്റെ ആത്മകഥയില്‍ അദ്ദേഹം പറയുന്നുണ്ട്.
മുത്തശ്ശിയുടെ കുട അവര്‍ക്ക് ഒരു ഊന്നു കൂടിയായിരുന്നു. അലങ്കാരങ്ങളോട് കൂടിയ പ്രൊഫഷണല്‍ വാക്കിംഗ് സ്റ്റിക് കുടകള്‍ ഇന്ന് സുലഭമാണ് . ആറ്റവും തന്മാത്രയുമായി ചെറുതാവുന്ന കുടകള്‍ക്കിടയിലെക്ക് വലിയ കാലന്‍ കുടയും തൂക്കി വരുന്ന 'ധിക്കരികളെ' കാമ്പുസില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ.
ശീലങ്ങള്‍ക്കൊപ്പം കുടശ്ശീലകളും മാറിത്തുടങ്ങി....വെയിലത്തും മഴയത്തും ഉപയോഗിക്കാനുള്ളത്, uv വികിരണ പ്രതിരോധമുള്ളത് , പ്ലാസ്റ്റിക് ബാഗ് ഉള്ളത് , പ്ലാസ്റ്റിക് തൊട്ടു തീണ്ടാത്തത് , വെള്ളം തട്ടാത്തത് , വെള്ളം ചീറ്റുന്നത്, .... അങ്ങനെ അങ്ങനെ വര്‍ണങ്ങളും വിസ്മയങ്ങളുമായി വിപണികള്‍ സജീവമാകുകയാണ്.
നിങ്ങളും കുടവാങ്ങാന്‍ ഇറങ്ങായില്ല്യെ?
ഞാന്‍ ഒന്നുകൂടി നോക്കട്ടെ, തട്ടിന്‍ പുറത്തോ മറ്റോ മാറ്റിവച്ചിട്ടുണ്ടാകും....
സസ്നേഹം
മനു മാധവന്‍