Thursday, July 5, 2018

ഒരു ചിന്താ ട്രാൻസ്ലേഷൻ

എം ടെക് ക്ലാസാണ് രംഗം. ഭാഷയും അതിലെ എൻട്രോപ്പിയും (entropy) അതുവഴി പകരുന്ന വ്യത്യസ്ത ഭാവങ്ങളും ആയിരുന്നു വിഷയം.  ഭാഷയുടെ ഭാവതലങ്ങളെ പറ്റി വാചാലനാകുന്നു  രഘു രാജ് സാർ. ഒരു വാക്കുകൊണ്ട് പോലും വലിയൊരു ആശയലോകം വരച്ചു വയ്ക്കുന്ന കവിത്വമായിരുന്നു എൻട്രോപ്പിക്ക് സാറിനു പറയാനുണ്ടായിരുന്ന മഹത്തായ ഉദാഹരണം. ഓരോ വാക്കുകളിലും കരുതിയിരിക്കുന്ന Information Content!! 

കാളിദാസനും, ചങ്ങമ്പുഴയും, ഓ.എൻ.വിയും, എം.ടിയും ഒക്കെ നമുക്ക് അറിയാവുന്ന അക്ഷരങ്ങളിലും   വാക്കുകളിലും  തന്നെ അല്ലേ എഴുതിയത്?    എന്നിട്ടും അവരുടെ ഒക്കെ വരികൾക്ക് അസാധാരണമായ ഒരു സൗന്ദര്യം കൈവരുന്നു !! എന്താണ് അവയെ വ്യത്യസ്തമാക്കുന്നത്? ഉത്തരം ഒരു ശ്ലോകം ആയിരുന്നു 


മെഷീൻ ട്രാൻസ്ലേഷനെ പറ്റി പഠിച്ചത് കൊണ്ടാവാം , ആ ക്ലാസ്സ് തന്ന പ്രചോദനത്തിൽ ഈ ശ്ലോകത്തിനു ഒരു ട്രാൻസ്ലേഷന്  ശ്രമിച്ചു :

നമുക്കുരക്കും പദമത്ര  തന്നെ
നമുക്കറിഞ്ഞീടിന ശബ്‍ദവും താൻ
കവിത്വ ഹൃത്തിൻ പദലാളനത്താൽ
സവിന്യസിക്കിൽ പുതു രോമഹർഷം 

മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം എന്താണ് എന്ന് ചോദിച്ചാൽ അവന്റെ ഭാഷയാണെന്ന് പറയാം ...
ഭാഷ എന്താണെന്നും എന്തിനാണെന്നും ഒക്കെ ചിന്തിക്കുന്നവരുണ്ടാകാം ... പക്ഷെ, ഭാഷ ഓരോ നിമിഷവും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് - മനുഷ്യനെ പോലെ

Sunday, April 6, 2014

കവിത പോലെ പൂ കുറിഞ്ഞി പോലെ
സ്വപ്നം പോലെ സ്വർഗ്ഗ ഗീതം പോലെ
മഞ്ഞണിഞ്ഞെത്തിയ പൂക്കൾ  പോലെ മധു -
വൃന്ദാവനത്തിലെ പൂക്കൾ  പോലെ
ശീതാംശു ചൂടുന്ന ചന്ദ്ര ബിംബത്തിന്റെ
ചാരുത മണ്ണിൽ  പടർന്ന  പോലേ
ആ മൃദു മന്ദാര മാല്യങ്ങളിലെക്കായ്‌
സൌഗന്ധികങ്ങൾ പകർന്ന  പോലെ
ചന്ദന താരകൾ പോലെ ചമത്കാര
ഭംഗി തുളുമ്പും കിനാവുപോലെ
സാന്ദ്ര ശരത് കാല മേഘ ജാലങ്ങളെ
ചുംമ്പിചുണർത്തുന്ന പാട്ട് പോലെ
ഗംഗ പോലെ പ്രേമയാമങ്ങളിൽ വന്നു
ഗാനം ചുരത്തും യമുനാ പോലെ
മെല്ലെ പടിഞ്ഞാറ്‌  ചായുന്ന സന്ധ്യ യീ
മണ്‍ ചിരാതിൽ തിരി വച്ച പോലെ
ഈ നിലാ പാലാഴിയിൽ കുളിച്ചീറനായ്
നീ വന്നു കുന്തൽ കുടഞ്ഞ പോലെ
ചാരടി മെലിരുന്നേതോ കിനാവിലായ്
ശാലീനയായ്  നീ ചിരിച്ചപോലെ

Sunday, October 13, 2013

കിളി മകളേ വാ ശാരികേ ...

1984 ൽ  പുറത്തിറങ്ങിയ വസന്തഗീതങ്ങൾ എന്ന തരംഗണിയുടെ ഗാനോപഹാരം  മലയാളികൾക്ക്  മറക്കാനാവാത്ത സംഗീതാനുഭവമായിരുന്നു . ഒരു കാലത്ത് സിനിമാ ഗാനങ്ങളോളം , അല്ലെങ്കിൽ അതിൽ കൂടുതൽ ഇതിലെ ഗാനങ്ങൾ ജനങ്ങൾ നെഞ്ചിലേറ്റിയിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് . ഇന്ന് മൊബൈലിൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ, പഴയ പാനസോണിക്  ടേപ്പ് റെകോർഡും അതിൽ കറങ്ങുന്ന ഒരു പച്ച കാസറ്റുമാണ്  എന്റെ ഓർമകളിൽ എത്തുന്നത് .

   ബിച്ചു തിരുമലയുടെ വരികൾക്ക് , രവീന്ദ്രസംഗീതത്തിന്റെ മാന്ത്രിക സ്പർശം, ഗന്ധർവ നാദത്തിലൂടെ , ഹൃദയത്തിലേക്ക്   പകർന്ന അതിലെ ഒരു ഗാനമാണ്  "കിളി മകളേ വാ ശാരികേ ... " .  ഭാഷയേയും സംസ്കാരത്തേയും, അതിലൂന്നിയ വിശ്വാസത്തേയും വളരെ ലളിതമായി പറയുന്ന ഗാനം , ഈണം കൊണ്ടും ഭാവം കൊണ്ടും ഒരു കൗതുകമാണ്  !!  വരികളിലും സംഗീതത്തിലും എല്ലാം ഒരു കുട്ടിത്തം നിറഞ്ഞ ഗാനമായിട്ടാണ് പലപ്പോഴും ഇത് അനുഭവപ്പെടാറുള്ളത് .   ഒരു കുതിരപ്പുറത്ത് പോകുന്ന പോലെ , അറിയാതെ താളത്തിൽ  തലയാട്ടി , പശ്ചാതലത്തിനൊപ്പം  ചൂളമടിച്ചു , ഒരു കുസൃതി ചിരിയോടെ അല്ലാതെ ഈ ഗാനം കേൾക്കാനാവില്ല ...


             അക്ഷരങ്ങൾ പൂക്കും ഒരു പുസ്തകം പോലുള്ളം
             ആയുധങ്ങൾക്കൊപ്പം തിരു പൂജ വക്കും നേരം
             പാടു നീ ഓങ്കാരം വേദാന്തം കിളി മകളേ

 ഈ ഗാനം ഒരിക്കൽ കൂടി കേൾക്കാം...  അക്ഷരങ്ങളേയും ആയുധങ്ങളെയും പൂജിക്കുന്ന ഈ നവരാത്രി കാലത്ത് , ഇത് ഒരു നവ്യാനുഭവമാകുന്നു ....ഒരു പാട് ഒരു പാട് കേട്ട് കഴിഞ്ഞിട്ടും !!!


" എൻ മനസ്സും കാതും ഏകാഗ്രമാകും നേരം
ഏറ്റു  ചൊല്ലും നാവാൽ ജപമാലയെണ്ണൂം നേരം
നേടും ഞാൻ സായൂജ്യം നിർവാണം കിളികളെ "


Thursday, September 5, 2013

എന്റെ ഗുരുനാഥൻ

"എന്നെ ഞാനാക്കിയ എന്റെ എല്ലാ ഗുരുനാഥന്മാർക്കും  "

എന്റെ കൈ പിടിച്ചെന്നെ നേർവഴി
ക്കാക്കുമെൻ ഗുരു നാഥന്റെ
നിത്യ നിർമല ചിന്തയാൽ മനം
കുമ്പിടുന്നാ  പദങ്ങളിൽ

ക്രുദ്ധനാകും നാം കെട്ടറ്റു  പോയ
പട്ടം പോലെ പറക്കുകിൽ
വൃദ്ധിയുണ്ടായിടുമ്പോൾ നേരുന്നു
ഹർഷ വാത്സല്യാശംസകൾ

വാദങ്ങൾ കൊണ്ട്  വേദി നേടുന്നു
വേദ സാഗരം നീന്തുന്നു
വേദസ്സു  പോലൊരു നവ
ചിന്താ ലോകത്തെ വാർക്കുന്നു

ഞങ്ങളാം പുതു മൊട്ടുകൾ തവ
പൂവനത്തിൽ തളിർക്കുമ്പോൾ
സ്നേഹത്തിൻ നറു തേൻ കണം കൊണ്ട്
വാസന്തം തീർക്കു മാമലർ

ഞങ്ങളിൽ നന്മ സാഹോദര്യത്തിൻ
ഞാറുകൾ നാട്ടു പാലിക്കും
എന്റെ ഇല്ലത്തെ ശ്രീലകത്തെ
കെടാ വിളക്കാണാ ഗുരു നാഥൻ

ഞങ്ങൾ തൻ നന്മ മാത്ര മാശിച്ചു നീ
ഗുരുത്വ ദീപം തെളിക്കുമ്പോൾ
ഇല്ല മറ്റൊന്നുമില്ലെന്റെ ജന്മ മല്ലാതെ
കാൽക്കൽ വക്കുവാൻ

Thursday, August 1, 2013

സൌഹൃദം
കലണ്ടരെത്രയൊ മറഞ്ഞു  പോകുമെങ്കിലും ചിരം
മറഞ്ഞു പോയിടാത്തതൊന്നു ഈ മുഹൂർത്ത മല്ലയോ
നമുക്കു  നമ്മളെ തിരിച്ചറിഞ്ഞു നാം നടത്തിയ
മനോഭിരാമ സർഗ സഞ്ചയം
തുടർ കിനാവിലെന്ന പോലെ നമ്മിൽ എന്നു മെത്തിടും
മറക്കുവാനവതില്ല നമ്മൾ  അത്ര ചേർന്നു പോയ് !

ഈ കലാലയം നമുക്ക് ജീവനായി തീർന്നതും
നാം അതിന്റെ ജീവനായി തീർന്ന  നല്ല നാളുകൾ
ഓർമയിലൊരു കണിക ബാക്കി നില്ക്കും നാൾ വരെ
മറക്കുകില്ല മായുകില്ല മണ്ണിൽ  ഞാൻ ചേരും വരെ !

എന്റെ സ്വപ്നവും കവിത വിത്തെറിഞ്ഞ പാടവും
എന്നിൽ നിന്നകറ്റി കൊണ്ട് പോയിടുന്ന കാലമേ
ഓർമയായ് മനസ്സിലിന്നു കൊണ്ട് പോയിടട്ടെ ഞാൻ
ഒന്ന് മാത്രം ഒന്ന് മാത്രം ഞങ്ങൾ തീർത്ത സൌഹൃദം !

- മനോഹരമായ ഈ കാലഘട്ടം സമ്മാനിച്ച പ്രിയപെട്ടവർക്കു  സസ്നേഹം മനു

Friday, July 19, 2013

ലാബ്‌ കോട്ട്


(എഞ്ചിനീയരിങ്ങ്  കോളേജ് ജീവിതത്തിലെ പ്രധാന ഘടക മായിരുന്ന ലാബ്‌ കോട്ടിനെ കുറിച്ച് ഒന്ന് ഓർക്കുന്നു )ഇവിടെ പ്രപഞ്ച പരീക്ഷണ ശാലയിൽ
ഞങ്ങളണിഞ്ഞു ലാബ്‌ കോട്ട്
പുതിയൊരു ജീവിത വഴിയിലണഞ്ഞു
ഇണ പിരിയാതീ ലാബ്‌ കോട്ട്

പുത്തനുടുപ്പുകൾ പലതുണ്ടെങ്കിലും
ചെത്തി  നടക്കാമേന്നാലും
ലാബുകൾ ചെയ്യാൻ വേണം മുകളിലായ്
ഒത്തു കിടക്കും ലാബ്‌ കോട്ട്

വര കുറി മാറി യുണിഫോമുകൾ
വര വരിവറിയാതെ പോകുബോൾ
നില്ക്കുന്നു ഈ ലാബ്‌ കോട്ട്  എന്നും
നീലിമ തെല്ലും ചോരാതെ

കരിപുക നിറയും ലാബിലണിഞ്ഞു
കവചമായ്‌  ഞങ്ങൾ ലാബ്‌ കോട്ട്
എരി  പൊരി വെയിലിൽ ഭൂമിയളക്കാൻ
പരിചിതമായി ലാബ്‌ കോട്ട്

നിന്നെ മറന്നാൽ ഞങ്ങൾ ക്കെന്നും
മേളം ചെന്പട പഞ്ചാരി
നിന്നെ തേടി ത്തേടി   നടക്കും
ബ്രാഞ്ചുകൾ തോറും സഞ്ചാരി

നിന്നെ തേടി കലാലയ വീഥിയി -
ലലയവെ നെഞ്ചിൽ  കവിയില്ല
കണ്ണിൽ  സുന്ദരി മാരില്ല
കനിവേറും സഹകരണം മാത്രം

ഒടുവിൽ  തളർന്നാ നെല്ലി മരതണ
ലേറ്റ് കിതച്ചു കിടക്കുന്പോൾ
ഒരു തണലായി വരുന്നു പരിചിത
മല്ലാത്താളും ലാബ്‌ കൊട്ടും

പേരറിയില്ല ബ്രാഞ്ച്   അറിയില്ല
ആണോ പെണ്ണെന്നറിയില്ല
പുതിയൊരു സൌഹൃദ പുളകം വിരിവൂ
പുഞ്ചിരി അതിനൊരു സമ്മാനം

നാന  ലാബുകൾ കേറി ഇറങ്ങി
വിയർപ്പതിലേറ്റു കുതിർന്നാലും
നാറുന്നില്ലവ ഞങ്ങളിലായിരം
ഓർമകൾ പെയ്യും ലാബ്‌ കോട്ട്

മാറ്റമതേറ്റു പിടിച്ചീ തലമുറ
തലമുറ മാറുന്നെന്നാലും
ഇവിടെ സമത്വ കാഹള മായി
മാറാതെന്നും ലാബ്‌ കോട്ട്

കാലമതേറെ പോയാലും പല -
ചോലകൾ വഴികൾ  മറന്നാലും
കീറുന്നില്ലവ കറ പുരളാത്തോരു
സൌഹൃദ വർണ്ണ  പതാകകളായ്

ഞങ്ങടെ വീര കലാലയ ജീവിത
സ്മൃതി പടലങ്ങൾ തിരയുന്പോൾ
പോരുക പോരുക ഞങ്ങളിലോർമ്മതൻ
തേര് തെളിക്കാൻ ലാബ്‌ കോട്ടെ !!!